Sunday, November 9, 2014

പുനുഗുലു





അധികം വന്ന ദോശമാവു കൊണ്ട് ഉണ്ടാക്കാൻ പറ്റിയ ഒരു പലഹാരം ആണിത്. ഇതൊരു ആന്ധ്ര ഫുഡ്‌ ആണ്. 

1. ദോശമാവു - 1 കപ്പ്‌
2. അരി പൊടി - 2tbsp
3. ഉള്ളി - 1/2
4.പച്ച മുളക് - 2
5. കറി വേപ്പില - ഒരു തണ്ട്

1. ചെറുതായി അരിഞ്ഞ ഉള്ളിയും,മുളകും,വേപ്പിലയും മാവിൽ ചേര്ക്കുക. കൂടെ അരിപൊടിയും,ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.
2.ഒരു പാനിൽ എണ്ണ ചൂടാക്കി ഓരോ സ്പൂണ്‍ വീതം കോരി ഒഴിച്ച് മൊരിഞ്ഞു വരുമ്പോൾ കോരി എടുക്കുക.

പിസ്സ ഊത്തപ്പം







അപ്പോൾ പിസ്സ ഊത്തപ്പം ഉണ്ടാക്കാൻ കുറച്ചു ദോശ മാവ് വേണം, അധികം വെള്ളം വേണ്ട ദോശക്കല്ലിൽ ഓടിക്കളിക്കാൻ പാടില്ലല്ലോ..
ഊത്തപ്പത്തെ പിസ്സയാക്കാൻ കുറച്ചു പച്ചക്കറികൾ ചെറുതായി അരിയണം ..
സവാള, തക്കാളി, കാരറ്റ് , ബേബികോണ്‍, കാപ്‌സിക്കം പല നിറത്തിൽ (ലഭ്യമായവ ഉപയോഗിക്കുക), സ്പ്രിംഗ് ഒണിയൻ, പച്ചമുളക് 1-2, ഇഞ്ചി 1 ചെറിയ കഷണം, മല്ലിയില.

തയ്യാറാക്കിയ വിധം:~
1. പച്ചക്കറികൾ ചെറുതായി അരിഞ്ഞു ഒന്നിച്ചു ചേർത്ത് വെയ്ക്കുക. ഉപ്പു ആവശ്യമെങ്കിൽ തൂവുക.
2. ദോശകല്ലിൽ മാവ് ഊത്തപ്പത്തിന്റെ കട്ടിയില്‍ ഒഴിക്കുക.
3. മുകളില്‍ ചെറിയ കുമിളകള്‍ നിറയുമ്പോള്‍ അരിഞ്ഞു വെച്ച പച്ചക്കറി മിശ്രിതം വിതറുക.
4. ഇതിനു മീതെ അരസ്പൂണ്‍ നെയ്യ് തൂവണം. മറിച്ചിട്ട് ബ്രൗണ്‍ നിറമാവുമ്പോള്‍ എടുക്കാം. തേങ്ങാ ചട്ണിയോ മല്ലിയില ചേര്‍ത്തരച്ച തേങ്ങാച്ചമ്മന്തിയോ കൂട്ടി ചൂടോടെ വിളമ്പുക.
പെട്ടെന്ന് വേവുന്ന പച്ചക്കറികൾ നിങ്ങളുടെ രുചിക്കനുസ്സരിച്ചു ചേർക്കുക.
സ്വാദിഷ്ടമായ പിസ്സ ഊത്തപ്പം തയ്യാർ !!

പഴം പൊരിയും ചേമ്പപ്പംവും






വൈകുന്നേരം ഒരു ചൂടന്‍ ചായയും പഴംപൊരിയും ചേമ്പപ്പംവും ആയാലോ,,,,,,,

ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍

മൈദ പൊടി :1 ഗ്ലാസ്‌
അരിപൊടി :1/2 ഗ്ലാസ്‌
മുട്ട :1 എണ്ണം
ഏലക്ക: 5 എണ്ണം
പഞ്ചസാര :ആവശ്യത്തിനു
ഉപ്പ് : നുള്ള്
പഴം : 2 എണ്ണം
മഞ്ഞപ്പൊടി : നുള്ള് (കളര്‍ കിട്ടാന്‍)

വെളിച്ചെണ്ണ: ആവശ്യത്തിനു വറുത്തു കോരാന്‍

പഴംപൊരി ഉണ്ടാക്കുന്ന വിധം:

മുകളില്‍ പറഞ്ഞ ചേരുവകള്‍ കുറച് അയവില്‍(ബജിക്കു കലക്കുന്നത്പോലെ) കലക്കി അതില്‍ പഴം കട്ടികുറച് ഈ മിശ്രിതത്തില്‍ മുക്കി വെളിച്ചെണ്ണയില്‍ പൊരിക്കുക.

ചേമ്പപ്പം ഉണ്ടാക്കുന്ന വിധം:

മുകളില്‍ പറഞ്ഞ ചേരുവകള്‍ കുറച് കട്ടിയില്‍(പഴംപൊരി യെക്കാള്‍ സ്വല്‍പ്പം കട്ടിയില്‍...അധികം കട്ടി പാടില്ല) കുഴച്ച് കൈ കൊണ്ട് കുറേശെ കുറെ എണ്ണം ചൂട് വെളിച്ചെണ്ണയില്‍ പൊരിച് എടുക്കുക...
(ചേമ്പപ്പം ഈ പേര് വന്നതു ചേമ്പിന്റെ് വിത്തിന്റെ് ആകൃതി ഉള്ളതു കൊണ്ടാണ്.അല്ലതെ ചേമ്പായി ഇതിന് യാതൊരു ബന്ധവും ഇല്ല..)


പരിപ്പുവട





തുവരപരിപ്പ്‌ - 1 കപ്പ്‌
സവോള - 1 എണ്ണം 
ഇഞ്ചി - 1 എണ്ണം, മീഡിയം വലുപ്പത്തില്‍ 
പച്ചമുളക് - 3 എണ്ണം
മഞ്ഞള്‍പൊടി - (1/4) ടിസ്പൂണ്‍ 
കായപ്പൊടി - (1/4) ടിസ്പൂണ്‍ 
പെരുംജീരകം പൊടിച്ചത് - (1/2) ടിസ്പൂണ്‍ 
ഉപ്പ് - ആവശ്യത്തിന്
വേപ്പില - 3 ഇതള്‍

തയ്യാറാക്കുന്ന വിധം 

1 തുവരപരിപ്പ് രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വക്കുക .

2 കുതിര്ന്ന പരിപ്പ് ചതച്ചെടുക്കുക .പേസ്റ്റ് രൂപത്തിലാകാതെ പ്രത്യേകം ശ്രദ്ധിക്കണം.

3 സവോള, ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ ചെറിയ കഷങ്ങള്‍ ആയി അരിഞെടുകുക .ഇതെല്ലം കൂടി പരിപ്പില്‍ ഇട്ടു മിക്സ്‌ ചെയുക. മഞ്ഞള്‍പൊടിയും ,കായപ്പൊടി , പെരുംജീരകം പൊടിച്ചത് , ആവശ്യത്തിന് ഉപ്പ് ,ഇതെല്ലാംകൂടി നന്നായി മിക്സ്‌ ചെയുക.

4 ചെറിയ ഉരുളകളായി ഈ കൂട്ട് ഉരുട്ടി എടുകുക .അതിനു ശേഷം അത് കൈവെള്ളയില്‍ പരത്തി ചൂടായ വെളിച്ചെണ്ണയില്‍ ഇടുക. (പത്താന്‍ തുടങ്ങുന്നതിനു മുന്‍പ് കൈ, പതുക്കെ വെള്ളത്തില്‍ മുക്കി എടുക്കണം). ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ ഇത് വെളിച്ചണ്ണയില്‍ നിന്നും കൊരിയെടുകവുന്നതാണ് .

5 നല്ല ചൂടന്‍ പരിപ്പുവട റെഡി

നേന്ത്രപ്പഴയപ്പം

നേന്ത്രപ്പഴയപ്പം


ഏത്തപ്പഴം -രണ്ടെണ്ണം
അരിപ്പൊടി -ഒരു കപ്പ്
തേങ്ങാ ചിരകിയത് -ഒരു മുറി
തേങ്ങാപാല്‍ - അര ഗ്ലാസ്
ജീരകം -ഒരു നുള്ള്
ഏലയ്ക്ക - ഒന്ന്
ഉപ്പ്- ഒരു നുള്ള്
പഞ്ചസാര -ആറേഴു സ്പൂണ്‍

പാകം ചെയ്യുന്ന വിധം:

തേങ്ങയും ജീരകവും ഏലക്കായും നല്ല വെണ്ണ പോലെ അരച്ചെടുക്കുക.ഇത് അരിപ്പൊടിയില്‍ ചേര്‍ത്ത് തേങ്ങാപാലോ ഇളം ചൂട് വെള്ളമോ ഒഴിച്ചു അപ്പത്തിനെക്കാളും അല്പം മുറുകിയ പാകത്തില്‍ യോജിപ്പിക്കുക. ഉപ്പും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക.ഏത്തപ്പഴം ചെറു കഷ്ണങ്ങള്‍ ആയി മുറിച്ചത് ഇതില്‍ ചേര്‍ത്ത് ഇളക്കുക.മയം പുരട്ടിയ ഒരു പാത്രത്തില്‍ ഇതൊഴിച്ച്ചു ആവിയില്‍ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം മാത്രം മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി മുറിച്ചെടുക്കാം.

ദീപാവലി സ്പെഷ്യൽ - റവ കേസരി




ചേരുവകൾ:
റവ - 1 കപ്പ്‌
പഞ്ചസാര - 1 1/2 കപ്പ്‌
വെള്ളം - 1 1/2 കപ്പ്
പശുവിൻപാൽ - 1/2 കപ്പ്
നെയ്യ്‌ – 4 ടേബിള്‍സ്പൂണ്‍
കശുവണ്ടി – 10 എണ്ണം
കിസ് മിസ്‌ – രണ്ടു ടേബിള്‍സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് – നാലെണ്ണം
ഗ്രാമ്പു - 2 എണ്ണം
പച്ച കർപ്പൂരം - ഒരു നുള്ള്
ഫുഡ്‌ കളർ - ഒരു നുള്ള്

ചെയ്യേണ്ട വിധം:

ഒരു പാനിൽ 2 ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്കു റവ ചേർത്ത് വറുത്തെടുക്കുക. റവ ബ്രൌണ്‍ കളർ ആവേണ്ട ആവശ്യമില്ല. ചെറുതായി ചൂടാക്കി എടുത്താൽ മതി.

ഇനി ഒരു പാനിൽ വെള്ളവും, പാലും ഒഴിച്ച് ചൂടാക്കുക. തിള വരുമ്പോൾ റവ അൽപ്പാൽപ്പമായി ചേർത്ത് കൊടുക്കുക. റവ ചേർക്കുമ്പോൾ കൂടെ ഇളക്കി കൊടുക്കണം ഇല്ലെങ്കിൽ കട്ട പിടിക്കും. റവ പാകത്തിന് വേവ് ആയി വരുമ്പോൾ അതിലേക്കു പഞ്ചസാര ചേർത്ത് ഇളക്കുക. പഞ്ചസാര ഉരുകി റവയോട് ചേർന്ന് കഴിയുമ്പോൾ അതിലേക്കു ഫുഡ്‌ കളർ ചേര്ത്തു ഇളക്കി യോജിപിക്കുക. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂണ്‍ നെയ്യ് കൂടി ചേർത്ത് ഇളക്കി മൂടി വെച്ച് ചെറുതീയിൽ ഒരു മൂന്നു മിനിറ്റു വേവിക്കുക.റവ നല്ലപോലെ വേവ് ആയി പാനിൽ നിന്നും വിട്ടുവരുമ്പോൾ അതിലേക്കു ഏലക്ക പൊടിച്ചത് ചേർക്കുക. ഇനി തീ അണച്ച് അതിലേക്കു ഒരു നുള്ള് പച്ച കർപ്പൂരം പൊടിച്ചു ചേർക്കുക.

അവസാനം കശുവണ്ടി, കിസ് മിസ്‌, ഗ്രാമ്പു എന്നിവ നെയ്യിൽ വറത്തു കേസരിയിലേക്ക് ചേർത്ത് ഇളക്കി യോചിപ്പിക്കുക.

തെരളി





സ്വാദിഷ്ടമായ ഒരു തനിനാടന്‍ വിഭവം.ചില ക്ഷേത്രങ്ങളില്‍ നിവേദ്യമായും തയ്യാറാക്കാറുള്ള പലഹാരം.വയണയിലയിലാണ്‌ തയ്യാറാക്കുന്നത്.കുമ്പിളപ്പത്തിന്‍റെ ചേരുവകള്‍ തന്നെയാണ്.

ചേരുവകള്‍

അരിപ്പൊടി-4 കപ്പ്‌
ശര്‍ക്കര -250 gm(മധുരത്തിന് അനുസരിച്ച് )
തേങ്ങ -ഒന്നര കപ്പ്‌
ഏലയ്ക്ക പൊടി-അര tspn
ചെറുപഴം -2-3 ennam

തയ്യാറാക്കുന്ന വിധം.

നന്നായി ഉടച്ചെടുത്ത പഴവും മറ്റു ചേരുവകളും കൂടി ആവശ്യത്തിനു വെള്ളം ചേര്‍ത്ത് കയ്യില്‍ ഉരുട്ടിയെടുക്കാന്‍ പാകത്തിന് കുഴച്ചെടുക്കുക.ശേഷം ഒരു വയണയിലയില്‍ രണ്ടു ഭാഗങ്ങളാക്കി പൊതിഞ്ഞെടുത്ത് ആവിയില്‍ വേവിച്ചെടുക്കുക. തെരളി തയ്യാര്‍.2-3 ദിവസം വരെ കേടുകൂടാതെയിരിക്കും

ഡയമണ്ട് കട്ട്





ചേരുവകള്‍:
...
മൈദപ്പൊടി - ഒരു കപ്പ്‌ 
ഗോതമ്പ് പൊടി - ഒരു കപ്പ്‌ 
കോഴിമുട്ട പതപ്പിച്ചത് -ഒരെണ്ണം 
പഞ്ചസാര പൊടിച്ചത് - ഒരു കപ്പ്‌ 
ബേക്കിംഗ് പൌഡര്‍ - അര ടീസ്പൂണ്‍ 
ഉപ്പ്, വെളിച്ചെണ്ണ -പാകത്തിന്

തയാറാക്കുന്ന വിധം:

ഗോതമ്പ് പൊടി- മൈദപ്പൊടി എന്നിവയില്‍ മുട്ട അടിച്ചു പതപ്പിച്ചതും ഉപ്പും, പഞ്ചസാരയും, ബേക്കിംഗ് പൌഡറും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. അതിലേക്ക് അല്‍പാല്‍പമായി വെള്ളം ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴച്ച് വലുതാക്കി പരത്തുക. പരത്തിയത് ഡയമണ്ട് ആകൃതിയില്‍ മുറിച്ചെടുത്ത് തിളക്കുന്ന വെളിച്ചെണ്ണയില്‍ വറുത്തുകോരുക.
 

ചുക്കപ്പം






അരിപൊടി 

തേങ്ങാപാല്‍ 

പെരുംജീരകം.

മുളകുപൊടി

ഉപ്പ്

ഒരു പാത്രത്തില്‍ തേങ്ങാപാലും ,ഉപ്പുമിട്ട് തിളപ്പിച്ചതില്‍ മാവ്

കുഴാചെടുക്കുക , അതിലേക്ക്‌ പേരും ജീരകവും ,

മുളകുപൊടിയും ഇട്ടു . നല്ലപോലെ കുഴാച്ച്‌ എടുക്കുക ഒന്നു

അറുന്പോള്‍, എന്നിട്ട് ചെറിയ ഉരുളകളാക്കി ,കൈയില്‍

വച്ച് ഉരുട്ടി ഒരു വിരല്‍ കൊണ്ട് പതിച്ചിട്ടു എല്ലാം എണ്ണ യില്‍

വറുത്തു കോരുക ,,

ചിക്കൻ പഫ്സ്






1. പഫ്സ് പേസ്റ്റ്രി ഷീറ്റ് (Puff pastry sheets) - 2, ഒരു മുട്ടയുടെ വെള്ള. 
2. കോഴി കഷ്ണങ്ങൾ എല്ലില്ലാത്തത് - കപ്പു
3. കോഴി വേവിച്ചെടുക്കാൻ : മഞ്ഞൾ പൊടി - 1 നുള്ള്, മുളക് പൊടി 1/2 tsp, കുരുമുളക് പൊടി - 1/4 tsp, ഉപ്പു
4. പഫ്സിനുള്ളിലെ മസാല തയ്യാറാക്കാൻ: ഉള്ളി 1, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി -1, മല്ലിപ്പൊടി 1 tsp, മുളക് പൊടി 1/2 tsp, പെരുംജീരകം പൊടിച്ചത് 1/2 tsp, കുരുമുളകുപൊടി 1/4 tsp, ഗരം മസാല - 1/4 tsp, കറിവേപ്പില

പഫ്സ് തയ്യാറാക്കുന്ന രീതി:~ 
----------------------------------
1. ആദ്യം തന്നെ പേസ്റ്റ്രി ഷീറ്റുകൾ ഫ്രീസറിൽ നിന്നും മാറ്റി തണുപ്പ് മാറാൻ ഫ്രിഡ്ജിനു പുറത്തു വെയ്ക്കുക. 
2. കോഴി കഷ്ണങ്ങൾ, എല്ലില്ലാത്തത്, ഉപ്പു മഞ്ഞൾ മുളക് കുരുമുളക് പൊടികളും കുറച്ചു വെള്ളവും ചേർത്തു വേവിക്കുക. 
ഈ കഷ്ണങ്ങൾ ആറിയ ശേഷം മിക്സിയിൽ ഒന്ന് ചെറുതായി കറക്കി മിൻസ് പരുവമാക്കുക. 
(നമ്മൾ വറുത്തോ കറിയിലോ വേവിച്ച കഷ്ണങ്ങൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ എല്ല് കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി പിച്ചി എടുക്കുക). 
3. ഒരു ചീനചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും വഴറ്റി ശേഷം മസാലയും തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് കോഴി നുറുക്കിയത് / മിക്സിയിൽ അടിച്ചത് ചേർത്തിളക്കുക. 
4. ഇതിലേക്ക് കറിവേപ്പില ചേർത്ത് ഈ കൂട്ട് ഒരു വിധം വരണ്ടു വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങുക. ഒരു പാട് ഉണങ്ങി പോകാതെ ശ്രദ്ദിക്കുക. 
** പഫ്സ് ബേക്ക് ചെയ്യുന്ന ഓവൻ കുറച്ചു സമയം മുൻപ് തന്നെ ഓണ്‍ ചെയ്തു വെയ്ക്കേണ്ടതാണ്. 
5. പേസ്റ്റ്രി ഷീട്ടുകൾ നിങ്ങൾക്കിഷ്ടമുള്ള ആകൃതിയിൽ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഞാൻ ഒരു ഷീറ്റ് 5 കഷ്ണങ്ങളാക്കി ഈ ചിത്രത്തിൽ കാണുന്ന ആകൃതിയിൽ ആണ് ചെയ്തത്. ചതുരത്തിലോ ത്രികോണാകൃതിയിലോ മുറിച്ചെടുക്കാം. 
6. ഈ പേസ്റ്റ്രി കഷ്ണങ്ങളിൽ ചിക്കൻ മസാലകൂട്ടു നിറച്ചു ഷീറ്റിന്റെ അരികുകൾ ലേശം വെള്ളം തൊട്ടു ഒട്ടിക്കുക. 
7. ഇതിനു മുകളിൽ മുട്ടയുടെ വെള്ള പതപ്പിച്ചത് ഒരു ചെറിയ ബ്രഷ് കൊണ്ട് തടവി, ഒരു ട്രേയിൽ നിരത്തി ഓവനിൽ വെയ്ക്കുക. ഓവനിലെ ടെമ്പരേച്ചർ 180 -200 deg celsius, ഒരു 15-20 മിനിട്ടുകൾ കൊണ്ട് പഫ്സ് റെഡി ആകും. 
ഒരു നേരിയ ബ്രവ്ണ്‍ നിറം ആകുന്നതാണ് പാകം. ഈ അളവിൽ നിന്നും 10 പഫ്സ് കിട്ടും

ചക്ക കൊഴുക്കട്ട




ഒരു തനി നാടന്‍ പലഹാരം ആണ് ഇത് .ചക്കയുടെ സീസണില്‍ ചക്ക വരട്ടിയത് മിക്കവാറും വീട്ടില്‍ ഉണ്ടാക്കി വെച്ചിരിക്കുമല്ലോ .ചക്ക വരട്ടിയത് ഉപയോഗിച്ച് ആണ് ചക്ക കൊഴുക്കട്ട ഉണ്ടാക്കുന്നത്‌.

ആവശ്യമായവ:

അരിപ്പൊടി- 2 കപ്പ്‌
തേങ്ങാ തിരുമ്മിയത്‌- 1/4 കപ്പ്‌
ചക്ക വരട്ടിയത് - ആവശ്യത്തിനു
ചുക്ക്- ഒരു ചെറിയ കഷണം
ജീരകം- ഒരു നുള്ള്
ചൂടു വെള്ളം, ഉപ്പ് , പഞ്ചസാര ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

അരിപ്പൊടി കുറച്ചു ചൂടു വെള്ളം ഒഴിച്ച് കുഴയ്ക്കുക.ഒരുപാട് കട്ടിയായും ഒരുപാട് വെള്ളമയം കൂടിയും പോകരുത്.പൊടി കുഴച്ചു വയ്ക്കുക

ഇനി ചക്ക വരട്ടിയതുംപഞ്ചസാരയും ജീരകവും ചുക്കും ചതച്ചതും തേങ്ങാ തിരുമ്മിയതും കൂടി നന്നായി ഇളക്കി വയ്ക്കുക.
ഇനി കയ്യില്‍ ഒരു ഇത്തിരി വെള്ളമയം പുരട്ടിയിട്ട്‌ കുറച്ചു മാവെടുത്ത്‌ അതിന്‍റെ നടുവില്‍ ചക്ക തേങ്ങാ കൂട്ട് വെച്ച് ഉരുട്ടിയെടുക്കുക..ബാക്കി മാവും അതെ രീതിയില്‍ തന്നെ ഉരുട്ടിയെടുക്കുക
ഇനി ഒരു ഇഡ്ഡലി പാത്രത്തില്‍ ആവശ്യത്തിനു വെള്ളം വെച്ച് തിളയ്ക്കുമ്പോള്‍ ഇഡലി തട്ടില്‍ കൊഴുക്കട്ട ഓരോന്നും വെച്ച് അടച്ചു ആവി കേറ്റി വേവിയ്ക്കുക.പത്തു പതിനഞ്ചു മിനിട്ടിനുള്ളില്‍ വെന്തു കിട്ടും.ചൂടോടെ കഴിയ്ക്കുക.

ടിപ് : നല്ല വെട്ടിത്തിളയ്ക്കുന്ന ചൂടു വെള്ളം ഉപയോഗിച്ച് കുഴയ്ക്കുക,അപ്പോള്‍ നല്ല മൃദുവായ കൊഴുക്കട്ട കിട്ടും.ചക്ക മധുരമുള്ളതായത് കൊണ്ട് പഞ്ചസാര വേണമെങ്കില്‍ മാത്രം ചേര്‍ക്കാം 

കൊഴുകട്ട






വേണ്ട സാധനങ്ങള്‍

അരി പൊടി - 1.5 ഗ്ലാസ്‌
തേങ്ങ - 1/2 മുറി
ശര്ക്കര - മധുരത്തിന് വേണ്ടത്ര
ഏലക്ക - 7-8
ഉപ്പു - ആവശ്യത്തിനു
ജീരകം - ഒരു നുള്ള് (വേണം എങ്കില്‍ മാത്രം)

ഉണ്ടാകുന്ന വിധം

ആദ്യം ശര്ക്കര ഉരുക്കി അരിച്ചു എടുത്തു മാറ്റി വെക്കുക.
ഇനി ഒരു ചട്ടിയില്‍ തേങ്ങയും ഏലക്ക പൊടിച്ചതും ജീരകവും ശര്ക്കര ഉരുക്കിയതും ചേര്‍ത്ത് വിളയിച്ചു എടുക്കുക.
ഇനി ഇളം ചൂട് വെള്ളത്തില്‍ അരിപൊടിയും ഉപ്പും ചേര്‍ത്ത് കുഴച്ചു അത് കൈ കൊണ്ട് പരത്തി അതിന്റെ ഉള്ളില്‍ തേങ്ങ വിളയിച്ചത് ചേര്‍ത്ത് ഉരുട്ടി എടുത്തു ഒരു ഇഡ്ഡലി പാത്രത്തില്‍ വെച്ച് ആവി കേറ്റി വേവിച്ചു എടുക്കുക (15 - 20 മിനിറ്റു). കൊഴുകട്ട റെഡി.

കുമ്പളങ്ങ ഹൽവാ





ആവശ്യമുള്ള ചേരുവകൾ:...

കുമ്പളങ്ങ - 250 ഗ്രാം 
പഞ്ചസാര - 125 ഗ്രാം ( മധുരം നിങ്ങളുടെ പാകത്തിന് ക്രമീകരിക്കാം )
നെയ്യ് - 2 ടേബിൾ സ്പൂണ്‍ 
റോസ് വാട്ടർ - 1 ടേബിൾ സ്പൂണ്‍
ഓറഞ്ച് ഫുഡ്‌ കളർ (ഓപ്ഷണൽ ) - ഒരു നുള്ള് 
അണ്ടിപരുപ്പ് - 5 എണ്ണം 

ചെയ്യേണ്ട വിധം:

കുമ്പളങ്ങ ചെറുതായി ഗ്രയിറ്റു ചെയ്തെടുക്കുക. 

ഒരു പാനിൽ 1 ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കി അണ്ടിപരുപ്പ് വറുത്ത് മാറ്റി വെക്കുക . 

ഇനി ഇതേ പാനിലേക്ക് ബാക്കി നെയ്യും, ഗ്രയിറ്റു ചെയ്ത കുമ്പളങ്ങയും ചേർത്ത് നല്ലപോലെ വഴറ്റുക. കുംബളങ്ങയിൽ നിന്നും വെള്ളം ഊറി വരുമ്പോൾ അതിലേക്കു പഞ്ചസാരയും, ഫുഡ്‌ കളറും, റോസ് വാട്ടറും ചേർത്ത് നല്ലപോലെ ഇളക്കി ഇടത്തരം തീയിൽ വേവിക്കുക. കുമ്പളങ്ങയുടെ വെള്ളം വറ്റി കുറുകി വരുമ്പോൾ തീ അണക്കുക. (ഈ ഹൽവാ കൂടുതൽ കട്ടി ആവരുത്. ജാം പോലെയുള്ള പാകം ആവുമ്പോൾ തീ അണക്കാവുന്നതാണ്). 

ഇനി ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന അണ്ടിപരുപ്പ് ചേർത്തി വിളമ്പാം


കാരമല്‍ കസ്ടാര്‍ഡ പുഡിംഗ്





പാല്‍ - 500 ml
മുട്ട - 2 nos
മില്‍ക്ക് മേയ്ഡ് - 400 gm
വാനില എസ്സെന്‍സ് - 1 tsp
പഞ്ചസാര - 1 tsp

1.ആദ്യത്തെ നാലു ചേരുവകള്‍ മിക്സി യില്‍ ഇട്ടു നന്നായി അടിച്ചെടുക്കുക

2. മിക്സ് ഒഴിച്ചുവക്കനെടുക്കുന്ന മോള്ഡ് ല്‍ പഞ്ചസാരയിട്ട് അടുപതു കാച്ചു നന്നായി ഇളക്കി കരമേല്‍ ആക്കുക .

അത് പത്രത്തില്‍ നന്നായി ച്ചുട്ടിചെടുക്കുക

3. അതിലേക്കു മിക്സ് ഒഴിച്ച് ഓവന്‍ ല്‍ 170 c ല്‍ 30 മിനുട്സ് വക്കുക.

പ്രഷര്‍ കുക്കറില്‍ ആണെങ്കില്‍ ഉള്ളില്‍ സ്റ്റാന്റ് വച്ച് അത് നികക്കെ വെള്ളം വച്ച് അതില്‍ മിക്സ് ഒഴിച്ച പത്രം വച്ച് ഡബിള്‍ ബോഇല്‍ ചെയാം ലോ ഫ്ലെയ്മില്‍ വെയ്റ്റ് ഇടാതെ 40 മിനുട്ട് വക്കണം.

വാങ്ങി ചൂടാറിക്കഴിന്നു ഫ്രിഡ്ജില്‍ 20 മിനുട്സ് വച്ചിട്ട് എടുക്കാം

കാബേജ് വട (പകോര) + പുളി ചട്ണി








കാബേജ് - 2 കപ്പ്‌ നീളത്തിൽ അരിഞ്ഞത് 
ഉള്ളി - 1 നീളത്തിൽ അരിഞ്ഞത് 
പച്ചമുളക് - 3 അരിഞ്ഞത് 
ഇഞ്ചി വെളുത്തുള്ളി പേസ്ട്‌ - 1 സ്പൂണ്‍
കടലമാവു - 1 1/ 2 കപ്പ്‌
അരിപൊടി - 1/ 2 കപ്പ്‌
മുളക്പൊടി - 1 ടി സ്പൂണ്‍
കായo - 1 നുള്ള്
ഉപ്പു - ആവശ്യത്തിനു
കറിവേപ്പില - 2 തണ്ട് അരിഞ്ഞത്
എണ്ണ - വറുക്കാൻ

തയ്യാറാക്കുന്ന വിധം

മേലെ പറഞ്ഞവ എല്ലാം അല്പം വെള്ളം ചേർത്ത് കുഴച്ചു എടുക്കുക. വെള്ളം നീണ്ടു പോകരുത്.
പിന്നെ വടകളായി എണ്ണയിൽ വറത്തു കോരുക.

ഇമ് ലി ചട്ണി

വാളൻ പുളി - 1 നാരങ്ങ വലുപ്പത്തിൽ
(1 1/ 2 ചായ കപ്പ്‌ വെള്ളത്തിൽ പിഴിഞ്ഞ് എടുക്കുക)
ഉപ്പു - 1 ടി സ്പൂണ്‍
ശര്ക്കര - 1 ബ്ലോക്ക്‌ (1/ 2 - 3/ 4 ടി കപ്പ്‌)
മുളക് പൊടി - 1 ടി സ്പൂണ്‍
കായം - 1 നുള്ള്
ജീരകപൊടി - 1/ 2 ടി സ്പൂണ്‍
പെരുംജീരക പൊടി - 1/ 2 ടി സ്പൂണ്‍

പുളി വെള്ളം അടുപ്പത് വെച്ച് ചൂടാകുമ്പോൾ അതിലേക്കു ശര്ക്കര ചേർത്ത് ഉരുകാൻ അനുവദിക്കുക. കുറുകി വരുമ്പോൾ പൊടികൾ ചേർത്ത് ഇളക്കി വാങ്ങാം.

കസ്റ്റാർട്‌ കേക്ക്




മൈദ - 1 1/2 കപ്പ്‌
കസ്റ്റാർട്‌ പൌഡർ - 3/4 കപ്പ്‌
പഞ്ചസ്സാര - 3/4 - 1 കപ്പ്‌
ബേക്കിംഗ് പൌഡർ - 1 1/2 ടീ സ്പൂണ്‍
വാനില എസ്സൻസ് - 1/2 ടീസ്പൂണ്‍
വെണ്ണ - 150 ഗ്രാം
പാൽ - 1 കപ്പ്‌

@മൈദയും കസ്റ്റാർട്‌ പൌഡറും ബേക്കിംഗ് പൌഡറും ഒന്നിച്ചിളക്കി അരിപ്പയിൽ അരിച്ചെടുക്കുക

@ വെണ്ണയും പന്ജസ്സാരയും നന്നായി യോജിപ്പിക്കുക

@ പഞ്ചസ്സാര കൂട്ടിലേക്ക് അരിച്ചെടുത്ത പൊടിയും പാലും അല്പാല്പമായി ചേർത്ത് കട്ട കെട്ടാത്ത മാവ് തയ്യാറാക്കുക

@ വെണ്ണ പുരട്ടി മൈദ തൂവി തയ്യാറാക്കി വച്ചിരിക്കുന്ന പാത്രത്തിൽ മാവ് പകർന്ന് 180 ഡിഗ്രി ചൂടിൽ, പാകമാകുന്നത് വരെ ബേക്ക് ചെയ്യുക

കപ്പ അപ്പം




നല്ല പൊടിയുള്ള മൂത്ത കപ്പ ഉരച്ചു
കൈകൊണ്ടു നന്നായി തിരുമ്മി
പിഴിഞ്ഞ് എടുത്തത്‌ 1/2 kg

കോഴി മുട്ട 1

തേങ്ങ ചിരകിയത് 1 മുറി

പഞ്ചസാര 1/2 കപ്പ് പൊടിച്ചത്
(മധുരം കൂട്ടുകയോ കുറയ്ക്കുകയോ
ചെയ്യാം)

വാനില എസ്സ്സെന്‍സ് 1 ടീ സ്പൂണ്‍

ഏലക്ക പൊടിച്ചത് 3 എണ്ണം

മുകളില്പരഞ്ഞിരിക്കുന്ന ചേരുവകള്‍ എല്ലാംകൂടി നന്നായി കൈകൊണ്ട് നന്നായി മിക്സ്‌ ചെയ്തു നെയ്യ് പുരട്ടിയ പാത്രത്തില്‍ കൈകൊണ്ടു തന്നെ നന്നായി പാത്രത്തില്‍ നിരത്തി ഇഡ്ഡലി പാത്രത്തില്‍ വച്ച് 1/2 മണിക്കൂര്‍ ആവിയില്‍ വേവിച്ചു തണുക്കുമ്പോള്‍ ഇഷ്ട്ടമുള്ള ഷെയ്പ്പില്‍ മുറിച്ചു എടുക്കാം .

കണ്ണൂര്‍ കല്‍ത്തപ്പം





ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി അല്ലെങ്കില്‍ നേരിയ അരി (നെയ്ച്ചോര്‍ അരി ) .... ഒന്നര ഗ്ലാസ്‌
വെല്ലം (ശര്‍ക്കര) - 300 ഗ്രാം.
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
പശുവിന്‍ നെയ്യ് - 2 ടീസ്പൂണ്‍
ഏലക്കായ - 8 എണ്ണം
അപ്പക്കാരം - കാല്‍ ടീ സ്പൂണ്‍
സവാള - ഒന്നിന്‍റെ പകുതി
തേങ്ങ പൂള് - 2 എണ്ണം
ചിരകിയ തേങ്ങ - 2 ടേബിള്‍ സ്പൂണ്‍
പുഴുങ്ങലരിയുടെ ചോറ് - 2 ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം


ആദ്യമേ പറയട്ടെ... ഗ്യാസ് അടുപ്പില്‍ കുക്കറില്‍ ഉണ്ടാക്കേണ്ടതാണ് ഈ പലഹാരം. 2 അടുപ്പ് ഒരേ സമയം അവശ്യം വരും.
പച്ചരി ഒന്ന് - ഒന്നര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. നന്നായി കഴുകി എടുത്തതിനു ശേഷം ചോറും ചിരകിയ തേങ്ങയും ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. പിന്നെ, ഒരു ഗ്ലാസ്‌ വെള്ളത്തില്‍ വെല്ലം നന്നായി ഉരിക്കി അരിച്ചെടുക്കുക. ഈ അരിച്ചെടുത്ത വെല്ലം അരച്ച അരി-ചോര്‍-തേങ്ങ മിശ്രിതത്തിലേക്ക് ഒഴിച്ച് ഇളക്കി ചേര്‍ക്കുക. ശ്രദ്ധിക്കുക: ഈ കൂട്ട് ദോശ മാവിനെക്കള്‍ കുറച്ചു കൂടി നേരിയതായിരക്കണം. ഈ അരവാണ്‌ പലഹാരത്തിന്റെ മൃദുലത നിശ്ചയിക്കുക.
സവാളയും തേങ്ങ പൂളും ചെറുതായി അറിഞ്ഞു വെക്കുക.
ഒന്നാം അടുപ്പില്‍ കുക്കര്‍ വച്ച് അതിലേക്കു വെളിച്ചെണ്ണയും പശുവിന്‍ നെയ്യും ഒഴിച്ച് ,അരിഞ്ഞു വച്ച ഉള്ളിയും തേങ്ങ കൊത്തും ഇട്ടു 5 മിനിറ്റ് ചെറു തീയില്‍ വഴറ്റുക. ( ശ്രദ്ധിക്കുക: ഒന്നാം അടുപ്പ് ഇപ്പോള്‍ സിം ഇലാണ് ഉണ്ടാവേണ്ടത് )
ഇതേസമയം, 2 ആ മത്തെ അടുപ്പില്‍ ഒരു അലൂമിനിയം ചട്ടിയില്‍ അരച്ചുവചിരിക്കുന്ന അരി + വെല്ലം കൂട്ട് ഒഴിച്ച് തുടര്‍ച്ചയായി ഇളക്കികൊണ്ടിരിക്കുക . ശ്രദ്ധിക്കുക ഈ സമയം തന്നെ കുക്കറിലെ സാധനങ്ങളും ഇളക്കി കൊണ്ടിരിക്കണം . രണ്ടാമത്തെ അടുപ്പ് ഹൈ യിലാണ് )
അരി + വെല്ലം കൂട്ട് തിളക്കാന്‍ പാടില്ല. നല്ലത് പോലെ ചൂടായാല്‍ മതി.
നന്നായി ചൂടായാല്‍ ഗ്യാസ് ഓഫ്‌ ചെയ്യുക. അതിലേക്കു എലക്കായയും അപ്പക്കാരവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക .
ഇനി കുക്കര്‍ ഹൈ യിലേക്ക് മാറ്റിയതിനു ശേഷം ഈ കൂട്ട് അതിലേക്കു ഒഴിക്കുക . ( വെറുതെ ഒഴിക്കുക, ഇളക്കരുത് ) . ഇതിനു ശേഷം "കുക്കര്‍ വെയ്റ്റ് " ഉപയോഗിക്കാതെ കുക്കര്‍ അടച്ചു വെക്കുക. എവിടേക്കും പോകരുത്. കുക്കറില്‍ നിന്ന് ആവി വരുന്നത് കണ്ടു 1 മിനുടിന് ശേഷം ഗ്യാസ് വീണ്ടും സിമില്‍ ആക്കുക. ഈ രീതിയില്‍ ഒരു 10 മിനിറ്റ് നേരം വെക്കുക. പിന്നീടു ഗ്യാസ് ഓഫ്‌ ചെയ്യുക. 5 - 10 മിനിറ്റ് നു ശേഷം കുക്കര്‍ തുറന്നു ശേഷം ഒരു സ്പൂണിന്റെ പിന്‍ഭാഗം കൊണ്ട് കുത്തി നോക്കുക. പശ പശപ്പ് പോലെ തോന്നുന്നതെങ്കില്‍ കല്‍ത്തപ്പം നന്നായി വെന്തില്ല എന്ന് മനസ്സിലാക്കാം! ഒരു 5 -10 മിനിറ്റ് കൂടി അടച്ചു വെച്ചാല്‍ മതി. ചട്ടുകം ഉപയോകിച്ച് വശങ്ങളില്‍ കൂടെ ഇളക്കി പ്ലം കേക്ക് പോലെ ഇളക്കിളി എടുക്കുക.

സാമ്പത്തിക ശേഷി അനുസരിച്ച് പച്ചരി മാത്രമോ, പച്ചരി + നെയ്ച്ചോര്‍ അറിയോ അല്ലെങ്കില്‍ നെയ്ച്ചോര്‍ അരി മാത്രമായും ഉപയോഗിക്കുക .. ആദ്യം വെക്കുമ്പോള്‍ പച്ചരി ഉപയോകിച്ച് പരീക്ഷിക്കുന്നതായിരിക്കും ഉചിതം. ശരിയായില്ലെങ്കില്‍ വീട്ടിലെ യോ അടുത്ത വീട്ടിലെയോ പശുവിനു നല്ല വിഭവമായി കൊടുക്കാം.
വല്ല സംശയും ഉണ്ടെങ്കില്‍ കമന്റ്‌ ഇലൂടെ ചോദിക്കുക. അറിയാവുന്നത് പോലെ പറഞ്ഞു തരാം.
എല്ലാവരും ഉണ്ടാക്കണം..... ശരിയായി വന്നാല്‍ അടിപൊളി രുചിയാണ് !!!
PS : മുക്കാല്‍ ഭാഗവും തിന്നതിന് ശഷമാണ് ഫോട്ടോ എടുത്തത്‌. അതാണ്‌ ഇങ്ങനെ മുറിച്ചു വെച്ച് ഫോട്ടോ എടുത്തത്‌. കുക്കറില്‍ നിന്ന് എടുക്കുമ്പോള്‍ നല്ല പ്ലം കേക്ക് പോലെ ഉണ്ടാവും കാണാന്‍.

കടലപ്പരിപ്പ് ബോളി






ആവശ്യമുള്ള സാധനങ്ങൾ

കടലപ്പരിപ്പ് 2 5 0 ഗ്രാം 
പഞ്ചസാര 2 5 0 ഗ്രാം
വെള്ളം പാകത്തിന്
ഉപ്പു 1 നുള്ള്
നെയ്യ് കുറച്ച്
ഏലക്കായ പൊടി ആവശ്യത്തിനു
മൈദാ 2 0 0 ഗ്രാം
വെള്ളം മൈദാ കുഴക്കാൻ പാകത്തിന്
ജിലേബി കളർ 1 നുള്ള്
നല്ലെണ്ണ 1 / 2 കപ്പ്
അരിപ്പൊടി കുറച്ചു

ഉണ്ടാക്കുന്ന വിധം: 


കടലപ്പരിപ്പ് പാകത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിച്ചു എടുക്കുക. ഇതിൽ പഞ്ചസാരയും നെയ്യും ചേർത്ത് നന്നായി വെള്ളം വറ്റിച്ച് ഏലക്കപൊടിയും ചേർത്ത് മിക്സിയിൽ ചൂ ടോടെ ഒട്ടും വെള്ളം ചേർക്കരുത് ന്നായി അരച്ച് എടുത്തു ചെറിയ ഉരുളകൾ അയി ഉരുട്ടി വക്കുക. (ചൂടു പോയാൽ അരഞ്ഞു കിട്ടില്ല )

മൈദാ പാകത്തിന് വെള്ളവും കളറും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചു അതിൽ നല്ലെണ്ണ ഒഴിച്ച് വീണ്ടും നന്നായി കുഴച്ച് അവസാനം കുറച്ചു നല്ലെണ്ണ ഒഴിച്ച് 1 / 2 മണിക്കൂർ വച്ച ശേഷം ചെറിയ ഉരുളകൾ ആക്കി വക്കുക. ചപ്പാത്തി ഉരുള എടുത്തു പൂരി പരത്തുന്നത് പോലെ ഒന്ന് പരത്തി അതിൽ പരിപ്പ് ഉരുള വച്ചു വീണ്ടും ഉരുട്ടി അരിപ്പൊടി തൂകി നന്നായി ചപ്പാത്തി പരതുന്നതുപോലെ പരത്തി എടുത്തു ചൂടായ തവയിൽ ഇട്ടു അല്പ്പം നെയ്യ് മുകളിൽ തടവി തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക.

ഓട്ടട






കപ്പപ്പൊടി - 1 കപ്പ്‌ 
നെയ്യ് - 1 ടേബിൾ സ്പൂണ്‍ 
തേങ്ങ ചിരകിയത് 
ശർക്കര ചീകിയത് - ഇഷ്ടമുള്ള മധുരത്തിന് അനുസരിച്ച്

കപ്പ തൊലി കളഞ്ഞു അരിഞ്ഞു വെയിലത്തിട്ടു ഉണങ്ങി വച്ചാൽ ( പുഴുങ്ങേണ്ട , വെറുതെ ഉണക്കിയാൽ മതി ) ഓട്ടട ഉണ്ടാക്കേണ്ടപ്പോൾ മിക്സിയിൽ പൊടിചെടുക്കാം.

കപ്പപ്പൊടിയിൽ നെയ്യൊഴിച്ച് ഇളക്കിയിട്ട് വെള്ളം ചേർത്ത് കുഴക്കുക . വത്സൻ ഉണ്ടാക്കുമ്പോൾ അരിമാവുണ്ടാക്കുന്ന അതേ പാകത്തിൽ. ഇത് വാഴയില കഷ്ണങ്ങളിൽ പരത്തുക. തേങ്ങ ചിരകിയതും ശർക്കര ചീകിയതും കൈ കൊണ്ട് നന്നായി യോജിപ്പിച്ച് പരത്തിയ മാവിന്റെ പാതി ഭാഗത്ത്‌ നിരത്തുക. ഇല നടുവേ മടക്കുക . ഒരു ദോശക്കല്ലോ ചീനച്ചട്ടിയോ അടുപ്പത് വച്ച് ചൂടായി കഴിയുമ്പോൾ അട അതിൽ വച്ച് തിരിച്ചു മറിച്ചും ഇട്ടു വേവിച്ചെടുക്കുക. ഇടയ്ക്ക് ഇല പതുക്കെ ഉയരത്തി നോക്കുക . മാവ് ഇലയിൽ നിന്ന് വിട്ടു വന്നെങ്ങിൽ അട വെന്തു കഴിഞ്ഞു . ആ പാകത്തിൽ പ്ലേറ്റിലേക്ക് മാറ്റാം . ഇതിൽ ഏലക്ക പോലുള്ള ഒരു സുഗന്ധ ദ്രവ്യങ്ങളും ചേര്ക്കേണ്ട. ഇലയും കപ്പയും വെന്ത ഒരു സുഗന്ധവും സ്വാദും ആണ് ഒട്ടടയുടെ പ്രത്യേകത .

ഓട്ടട പണ്ട് തവിട് ചേർത്തും ഉണ്ടാക്കിയിരുന്നു .

ഏലാഞ്ചി (മലബാര്‍ വിഭവം)





ആവശ്യമുള്ള സാധനങ്ങള്‍

മൈദ - ഒന്നേകാല്‍ കപ്പ് 
ഉപ്പ് - പാകത്തിന് 
മുട്ട- 1
ഏലയ്ക്ക 3,
ഏത്തപ്പഴം - 1
പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍,
അരമുറി തേങ്ങ ചിരകിയത്.
മഞ്ഞ ഫൂഡ് കളര് - 2 നുള്ള്,
നെയ്യ് - ആവശ്യത്തിന് 


തയ്യാറാക്കുന്ന വിധം


മൈദയും, മുട്ടയും ആവശ്യത്തിന് ഉപ്പും ഫൂഡ് കളറും വെള്ളവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അയഞ്ഞ പരുവത്തില്‍ അടിക്കുക. ഇതാണ് മാവ്. ചീനിച്ചട്ടി അടുപ്പില്‍ വെച്ച് കാല്‍ഗ്ലാസ് വെള്ളമൊഴിച്ച് തിളയ്ക്കുമ്പോള്‍ ഏത്തപ്പഴം ചെറുതായി നുറുക്കിയത് ചേര്‍ത്ത് വറ്റിക്കുക. ഏതപ്പഴം വറ്റി വരുമ്പോള്‍ പഞ്ചസാരയും, ഏലയ്ക്ക ചതയ്ച്ചതും തേങ്ങ ചിരകിയതും ചേര്‍ത്ത് നന്നായി ഒരു മൂന്ന് മിനി ഇളക്കി യോജിപ്പിക്കുക (ഏത്തയ്ക്ക് വെന്ത കുഴയാതിരിക്കാന്‍ ശ്രദ്ധിക്കുക) ഇതാണ് ഫില്ലിംഗ്. ദോശക്കല്ല് കായുമ്പോള്‍ അല്പം നെയ് പുരട്ടിയ ശേഷം മാവെടുത്ത് കനം കുറച്ച് വട്ടത്തില്‍ ദോശയേക്കാള്‍ അല്പം വലിപ്പത്തില്‍ പരത്തുക. അടി ഭാഗം വേവുമ്പോള്‍ പെട്ടെന്ന് ഒന്ന് മറിച്ചിട്ട് എടുക്കുക. ഇതിന്റെ നടുവില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഫില്ലിംഗ് വെച്ച് രണ്ടു വശത്തു നിന്നും അകത്തേക്ക് ചെറുതായി മടക്കി തെറുത്തെടുക്കുക. ഏലാഞ്ചി തയ്യാര്‍ .സെറാമിക് പാനിലും മറ്റും നെയ് തടവാതെ മാവ് പരത്തുന്നവര്‍ തറാറാക്കിയ ഏലാഞ്ചിയുടെ മേലെ നെയ് തടവിക്കൊടുക്കേണ്ടതാണ്.